---
title: "ഇറാൻ കത്തുമ്പോൾ ബസുമതിക്ക് പൊള്ളുന്നു; കയറ്റുമതി നിലച്ചു, വിപണിയിൽ അരിവില കുത്തനെ താഴേക്ക്"
english_title: "Rice prices drop sharply in the market"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345177/Rice prices drop sharply in the market"
published_at: "2026-03-02T16:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a56c92bb09f_22.jpg"
keywords: []
---

# ഇറാൻ കത്തുമ്പോൾ ബസുമതിക്ക് പൊള്ളുന്നു; കയറ്റുമതി നിലച്ചു, വിപണിയിൽ അരിവില കുത്തനെ താഴേക്ക്

> **Lead Summary:** **ന്യൂഡൽഹി:** **[**നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വിയോഗം സൃഷ്ടിച്ച അധികാര ശൂന്യത ഇന്ത്യയുടെ സാമ്പത്തിക-നയതന്ത്ര മേഖലകളിൽ കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നു.

## Article Content

**ന്യൂഡൽഹി:** **[**നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വിയോഗം സൃഷ്ടിച്ച അധികാര ശൂന്യത ഇന്ത്യയുടെ സാമ്പത്തിക-നയതന്ത്ര മേഖലകളിൽ കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നു.

ഖമേനിയുടെ മകൻ മുജ്താബ അധികാരം ഏറ്റെടുത്തേക്കുമെന്ന് സൂചനകളുണ്ടെങ്കിലും, ഇറാനിലുണ്ടാകാൻ സാധ്യതയുള്ള ആഭ്യന്തര കലഹങ്ങളും രാഷ്ട്രീയ അസ്ഥിരതയും ലോകത്തെമ്പാടുമെന്ന പോലെ ഇന്ത്യയുടെയും സമാധാനം കെടുത്തുന്നതാണ്.

നയതന്ത്ര തലത്തിൽ ഇസ്രായേലുമായി 'സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പും' 10 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറുകളും ഒപ്പിട്ട് ഇന്ത്യ മുന്നോട്ട് പോകുമ്പോഴും, ഇറാനെ പൂർണ്ണമായും തള്ളിക്കളയാൻ ഇന്ത്യയ്ക്ക് സാധിക്കില്ല.

മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കവാടമായ 'ചബഹാർ' തുറമുഖത്തിന്റെ നിയന്ത്രണം ഇറാന്റെ കൈവശമായതിനാൽ, പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മറ്റും വ്യാപാരം നടത്താൻ ഇന്ത്യയ്ക്ക് ഇറാന്റെ സഹായം അത്യന്താപേക്ഷിതമാണ്.

സാമ്പത്തിക രംഗത്തും പശ്ചിമേഷ്യയിലെ ഈ കലുഷിത സാഹചര്യം വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം ക്രൂഡ് ഓയിൽ വില ബാരലിന് 73 ഡോളറിലേക്ക് കുതിച്ചതോടെ ഇന്ത്യയിൽ ഇന്ധനവില വർധനവിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിയൊരുങ്ങുകയാണ്.

ഇത് കൂടാതെ, ഇന്ത്യയുടെ ബസുമതി അരിയുടെ പ്രധാന വിപണികളിലൊന്നായ ഇറാനിലേക്കുള്ള കയറ്റുമതി നിലച്ചതോടെ വിപണിയിൽ അരിവില കുത്തനെ ഇടിഞ്ഞു. ഇത് ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകരെയും വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഷിപ്പിംഗ് നിരക്കുകളും ഇൻഷുറൻസ് തുകയും വർധിക്കുന്നത് കയറ്റുമതിക്കാരെ വലയ്ക്കുമ്പോൾ, ചരക്കുകൾ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് പേയ്‌മെന്റുകൾ വൈകാനും വിപണിയെ കൂടുതൽ തളർത്താനും കാരണമാകുന്നു.

ഒരു വശത്ത് ഇസ്രായേലിനോട് ചേർന്നുനിൽക്കുമ്പോഴും മറുവശത്ത് ചബഹാർ ഉൾപ്പെടെയുള്ള തന്ത്രപ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇറാനുമായുള്ള ബന്ധം സൂക്ഷ്മതയോടെ നിലനിർത്തേണ്ട വെല്ലുവിളിയാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345177/Rice prices drop sharply in the market)